---
title: "കണ്ണിൽ മുളകുവെള്ളമൊഴിച്ചു... നഖത്തിൽ ഈർക്കിൽ കയറ്റി; കോഴിക്കോട് മോഷണശ്രമം ആരോപിച്ച് 12-കാരനെ മർദ്ദിച്ച കേസ്, നടപടിക്ക് സിഡബ്ല്യുസി ഉത്തരവ്"
english_title: "CWC Orders Action In Kozhikode Case Where 12 Year Old Allegedly Tortured Over Theft Accusation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379246/ kozhikode-koduvalli-12-year-old-tortured-cwc-order"
published_at: "2026-08-19T21:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85d3af09e61_kozhikode-koduvalli-12-year-old-tortured-cwc-order.jpg"
keywords: ["Child Abuse", "CWC", "Kozhikode Child Abuse"]
---

# കണ്ണിൽ മുളകുവെള്ളമൊഴിച്ചു... നഖത്തിൽ ഈർക്കിൽ കയറ്റി; കോഴിക്കോട് മോഷണശ്രമം ആരോപിച്ച് 12-കാരനെ മർദ്ദിച്ച കേസ്, നടപടിക്ക് സിഡബ്ല്യുസി ഉത്തരവ്

> **Lead Summary:** കോഴിക്കോട്: മോഷണശ്രമം ആരോപിച്ച് കൊടുവള്ളിയിൽ 12 വയസ്സുകാരനെ പിതാവിന്റെ ബന്ധുക്കൾ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ നടപടിക്ക് ഉത്തരവിട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി).

## Article Content

കോഴിക്കോട്: മോഷണശ്രമം ആരോപിച്ച് കൊടുവള്ളിയിൽ 12 വയസ്സുകാരനെ പിതാവിന്റെ ബന്ധുക്കൾ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ നടപടിക്ക് ഉത്തരവിട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി).

വീട്ടിലേക്ക് വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ട ശേഷം കൈകാലുകൾ കൂട്ടിക്കെട്ടുകയും മുറിവുകളിൽ മുളകുപൊടി പുരട്ടുകയും കണ്ണിൽ മുളകു വെള്ളം ഒഴിക്കുകയും കാൽനഖത്തിനിടയിൽ ഈർക്കിൽ കയറ്റുകയും ചെയ്തതായാണ് കുട്ടിയുടെ പരാതി.

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടിക്ക് മർദ്ദനമേറ്റിട്ടുണ്ട്. മർദ്ദനത്തെക്കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അർധരാത്രി രക്ഷപ്പെട്ട കുട്ടിയെ വഴിയാത്രക്കാരൻ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

വിവരം അറിയിച്ചിട്ടും പൊലീസ് തുടർ നടപടിയെടുത്തില്ലെന്നും കുട്ടി പറഞ്ഞതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ സിഡബ്ല്യുസി സ്വമേധയാ കേസെടുത്ത് പൊലീസിന് നടപടി നിർദേശം നൽകി.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് സിഡബ്ല്യുസി ഇടപെട്ടത്. കുട്ടിയുടെ സംരക്ഷണവും തുടർ ചികിത്സയും ഉറപ്പാക്കുന്നതിനൊപ്പം പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും സിഡബ്ല്യുസി നിർദേശിച്ചിട്ടുണ്ട്.

സംഭവത്തിൽ പൊലീസ് ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ചും റിപ്പോർട്ട് സമർപ്പിക്കാൻ സിഡബ്ല്യുസി ആവശ്യപ്പെട്ടു.

**English Summary:**

The Child Welfare Committee has ordered action in a Kozhikode case where a 12-year-old boy alleged he was tortured by his father's relatives on suspicion of theft attempt in Koduvalli. The child alleged he was tied up, chili powder applied to wounds, chili water poured in eyes, and thorns inserted under nails. He escaped at midnight and was taken to a police station by a passerby. The CWC has asked police to act and submit a report.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379246/ kozhikode-koduvalli-12-year-old-tortured-cwc-order)